Home KANNUR ഒരു പഞ്ചായത്ത്‌ ഒരു കളിക്കളം
പദ്ധതിയ്‌ക്ക്‌ തുടക്കം
KANNUR - April 20, 2023

ഒരു പഞ്ചായത്ത്‌ ഒരു കളിക്കളം
പദ്ധതിയ്‌ക്ക്‌ തുടക്കം

കേരളത്തിൽ പുതിയ കായികസംസ്‌കാരത്തിന്‌ അടിത്തറയാകുന്ന ഒരു പഞ്ചായത്ത്‌ ഒരു കളിക്കളം പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കുന്നതാണ്‌ പദ്ധതി. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട്‌ ആദ്യ നിർമ്മാണ പ്രവൃത്തി തുടങ്ങി.

സംസ്ഥാനത്ത് ഏകദേശം 450 ഓളം തദ്ദേശസ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണമായ കളിക്കളം ഇല്ലെന്നാണ് കണക്ക്. 3 വര്‍ഷത്തിനകം ഈ പഞ്ചായത്തുകളിലെല്ലാം കളിക്കളം ഒരുക്കും. ആദ്യ ഘട്ടത്തില്‍ 113 പഞ്ചായത്തുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ നിശ്ചയിച്ച സൗകര്യങ്ങള്‍ പ്രകാരം ഒരു കളിക്കളത്തിന് 1 കോടി രൂപ വേണം. ഇതില്‍ 50 ലക്ഷം കായികവകുപ്പ് മുടക്കും. എം എല്‍ എ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, സി എസ് ആര്‍, പൊതു- സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ ബാക്കി തുകയും കണ്ടെത്തും.
പ്രായഭേദമില്ലാതെ മേഖലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന കായിക, ഫിറ്റ്‌നസ് കേന്ദ്രം ആണ് ഒരുക്കുക. ഏതു കായികയിനത്തിനുള്ള സൗകര്യമാണ് ഒരു പഞ്ചായത്തില്‍ ആവശ്യമെന്ന് കണ്ടെത്തി അതാണ്പ്രധാനമായും തയ്യാറാക്കുക. ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ തുടങ്ങിയ കോര്‍ട്ടുകളാകാം. ഇതിനൊപ്പം നടപ്പാത, ഓപ്പണ്‍ ജിം, ടോയ്‌ലറ്റ്, ലൈറ്റിങ്ങ് തുടങ്ങിയ സംവിധാനങ്ങളും ഉണ്ടാകും. പ്രാദേശികതല ഒത്തുചേരലും സാമൂഹിക ഇടപെടലും മെച്ചപ്പെടുത്താന്‍ സഹായകമായ കേന്ദ്രം കൂടിയാകുമിത്.

സ്‌കൂള്‍ ഗ്രൗണ്ട്, പഞ്ചായത്ത് മൈതാനം, പൊതുഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പദ്ധതി നടപ്പാക്കുന്നത്. ഒരേക്കറെങ്കിലും സ്ഥലം ഉണ്ടെങ്കിലാണ് നിശ്ചയിച്ച രീതിയില്‍ കളിക്കളം ഒരുക്കാന്‍ കഴിയുക. എന്നാല്‍, കേരളത്തിലെ സാഹചര്യം പരിഗണിച്ച് സ്ഥല പരിമിതിയുള്ള പഞ്ചായത്തുകളില്‍ അതിനനുസരിച്ച കളിക്കളവും മറ്റു സൗകര്യങ്ങളും ഒരുക്കും. കായികവകുപ്പിന് കീഴിലെ സ്‌പോട്‌സ് കേരള ഫൗണ്ടേഷന് (എസ്‌കെഎഫ്) ആണ് നിര്‍മ്മാണ ചുമതല.

നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കളിക്കളം സ്ഥല ഉടമയ്ക്ക് കൈമാറും. തുടര്‍ന്നുള്ള നടത്തിപ്പിനും അറ്റകുറ്റപ്പണിയ്ക്കും പ്രാദേശികതലത്തില്‍ മാനേജിങ്ങ് കമ്മിറ്റിയെ തെരഞ്ഞെടുക്കും. ക്ലബുകള്‍ക്കും സ്വകാര്യ അക്കാദമികള്‍ക്കും മറ്റും സമയം നിശ്ചയിച്ച് വാടകയ്ക്ക് നല്‍കുന്നതിലൂടെയും മറ്റും കളിക്കളത്തിന്റെ പരിപാലന ചെലവ് കണ്ടെത്തേണ്ടതുണ്ട്. ഇത്തരം നല്ല മാതൃകകള്‍ സംസ്ഥാനത്ത് നിരവധിയുണ്ട്. കളിക്കളം ഉപയോഗശൂന്യമാകുന്ന സ്ഥിതി ഉണ്ടായാല്‍ എസ് കെ എഫ് ഏറ്റെടുത്ത് പരിപാലനം നിര്‍വഹിക്കുന്നതിനുള്ള വ്യവസ്ഥയുമുണ്ട്.

വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ്‌ കുമാർ, സ്‌പോട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ യു ഷറഫലി, കായിക ഡയറക്‌ടർ പ്രേം കൃഷ്‌ണൻ ഐ എ എസ്‌ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചേലേരിയില്‍ മുദരിസായിരുന്ന അബ്ദു റഹീം മുസ്ലിയാര്‍ മരണപ്പെട്ടു