കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഫയല്‍ അദാലത്ത്: ഭൂരിഭാഗം ഫയലുകളും തീര്‍പ്പു കല്‍പ്പിച്ചു.
കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫയല്‍ അദാലത്തില്‍ ഭൂരിഭാഗം ഫയലുകളിലും തീര്‍പ്പ് കല്‍പ്പിച്ചു. ആകെ ലഭിച്ച 54 പരാതികളില്‍ 38 എണ്ണത്തിലും അദാലത്തില്‍ തീര്‍പ്പായി. ബില്‍ഡിംഗ് പെര്‍മ്മിറ്റ്, കെട്ടിട നമ്പര്‍, കെട്ടിട നികുതി, ഉടമസ്ഥാവകാശം മാറ്റല്‍, വഴിതര്‍ക്കം, ക്ഷേമപെന്‍ഷനുകള്‍, ലൈസന്‍സ്, റോഡ് താറിംഗ്, കുടിവെള്ള പ്രശ്നം, മരം മുറി, തുടങ്ങി വിവിധ വിഷയങ്ങളിലാണ് അദാലത്തിലേക്ക് പരാതി ലഭിച്ചത്.
കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വച്ച് നടന്ന അദാലത്ത് മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു.
കോര്‍പ്പറേഷന്‍റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതോടൊപ്പം സാധാരണ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിച്ച് ജനങ്ങള്‍ക്ക് യഥാസമയം സേവനം നല്‍കുക എന്നുള്ളതും വളരെ പ്രധാനപ്പെട്ടതാണ് എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മേയര്‍ പറഞ്ഞു. വളരെ ചെറിയ അപാകതകള്‍ പോലും പരിഹരിക്കപ്പെടാതെ തീരുമാനം നീണ്ടുപോകുന്നത് ജനങ്ങളുടെ അവകാശം നിഷേധിക്കലാണ്. ഇത്തരം കാര്യങ്ങള്‍ കൂടി പരിഹരിക്കുക എന്നുള്ളതാണ് അദാലത്ത് വഴി ഭരണ സമിതി ലക്ഷ്യമിടുന്നത്. തുടര്‍ന്നും ഇത്തരം അദാലത്തുകള്‍ നടത്തി ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കും.
ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ഷമീമ ടീച്ചര്‍, അഡ്വ.പി ഇന്ദിര, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്‍, ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍ മുസ്ലീഹ് മഠത്തില്‍, കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി ലതേഷ് കുമാര്‍ വി വി, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ മണികണ്ഠകുമാര്‍ വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


