Home KANNUR ജനകീയ മേളയായി ‘എന്റെ കേരളം’ മെഗാ എക്‌സിബിഷൻ സമാപിച്ചു
KANNUR - April 18, 2023

ജനകീയ മേളയായി ‘എന്റെ കേരളം’ മെഗാ എക്‌സിബിഷൻ സമാപിച്ചു

നവകേരളത്തിനായി പുതിയ വികസന ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ജില്ലാതല പരിപാടി ‘എന്റെ കേരളം’ മെഗാ എക്‌സിബിഷൻ ജനകീയ മേളയായി സമാപിച്ചു. സമാപന സമ്മേളനം രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. മികച്ച സ്റ്റാളുകൾക്കുള്ള പുരസ്‌കാരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ വിതരണം ചെയ്തു. പൊതുവിഭാഗത്തിൽ കെഎസ്ഇബിയും ‘യുവതയുടെ കേരളം’ വിഭാഗത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പും ഭിന്നശേഷി വിഭാഗത്തിൽ ഫ്‌ളൈ ചിത്രകാര കൂട്ടായ്മയും കമേഴ്‌സ്യൽ വിഭാഗത്തിൽ റബ്‌കോയും ഒന്നാം സ്ഥാനത്തിന് അർഹരായി.
ഏപ്രിൽ 11 മുതൽ കണ്ണൂർ പൊലീസ് മൈതാനിയിൽ നടന്ന എക്സിബിഷനിൽ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ സംരംഭകർ എന്നിവയുടെ ഇരുനൂറോളം വൈവിധ്യമാർന്ന സ്റ്റാളുകളാണ് പങ്കെടുത്തത്. സർക്കാരിന്റെ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് ലഭിക്കും വിധത്തിലായിരുന്നു സ്റ്റാളുകൾ.  
സമാപന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. പൊതുവിഭാഗത്തിലെ രണ്ടാം സ്ഥാനം മൃഗസംരക്ഷണ വകുപ്പിനും മൂന്നാം സ്ഥാനം കേരള പോലീസ്, ആരോഗ്യ വകുപ്പ് എന്നിവയ്ക്കും സമ്മാനിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, അഗ്നിശമന രക്ഷാസേന, വനിത-ശിശുവികസന വകുപ്പ്, ഭൂജല വകുപ്പ്, ഫിഷറീസ് എന്നിവ പ്രത്യേക പരാമർശം നേടി. ‘യുവതയുടെ കേരളം’ വിഭാഗത്തിൽ കണ്ണൂർ സർവകലാശാല, കേരള സ്റ്റേറ്റ് ഐടി മിഷൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കണ്ണൂർ ഗവ. ഐടിഐ, എൻടിടിഎഫ്, തലശ്ശേരി എന്നിവ പ്രത്യേക പരാമർശം നേടി.
കമേഴ്സ്യൽ സ്റ്റാൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം സപ്ലൈകോ, റെയ്ഡ്കോ കണ്ണൂർ എന്നിവയ്ക്കും മൂന്നാം സ്ഥാനം സഹകാരി അഞ്ചരക്കണ്ടി ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്കിനും ലഭിച്ചു. പപ്പുവാൻ കെയ്ൻ സിറപ്പ്, ഹഫ്സ് ഇന്നവേറ്റീവ് ഫുഡ് പ്രൊഡ്ക്ട്സ്, മലബാർ കോക്കനട്ട് പ്രൊഡ്ക്ട്സ്, എക്സ്ട്രാ ലൈഫ് സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ടാങ്ക്, കെ സി സി പി എൽ എന്നിവർ പ്രത്യേക പരാമർശം നേടി.
ഭിന്നശേഷി വിഭാഗത്തിൽ രണ്ടാം സ്ഥാനം ജയൻ പി ഡി തൃശ്ശൂരിനും (കരകൗശലം), മൂന്നാം സ്ഥാനം സന്തോഷ് എബ്രഹാം നടുവിലിനും (തേൻ യൂനിറ്റ്) ലഭിച്ചു. സ്പേസ്, സെന്റർ ഫോർ സ്‌കിൽ ഡവലപ്മെന്റ് ആൻഡ് എംപ്ലോയബിലിറ്റി പ്രത്യേക പരാമർശം നേടി. ഫുഡ് കോർട്ടിന്റെ മികച്ച സംഘാടനത്തിന് കുടുംബശ്രീ ജില്ലാ മിഷനും സംഘാടനവുമായി സഹകരിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ, ഇവന്റ് മാനേജ്മെന്റ് ടീമായ നിയോ കൊച്ചിൻ, കാറ്ററിംഗ് ഒരുക്കിയ കെബിആർ കാറ്ററിംഗ് ആൻഡ് ഇവന്റ് മാനേജ്മെന്റ്, നിഖിൽ, എൻവി മീഡിയ എന്നിവർക്കും ഉപഹാരം നൽകി. മാധ്യമപ്രവർത്തകനും പുരസ്‌ക്കാര നിർണ്ണയ ജൂറി ചെയർമാനുമായ ബാലകൃഷ്ണൻ കൊയ്യാൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, തദ്ദേശ വകുപ്പ് ജോയിൻറ് ഡയറക്ടർ ടി ജെ അരുൺ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ എസ് ഷിറാസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.