Home KERALA മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രിംകോടതി അനുമതി; ജാമ്യവ്യവസ്ഥയില്‍ ഇളവ്
KERALA - April 17, 2023

മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രിംകോടതി അനുമതി; ജാമ്യവ്യവസ്ഥയില്‍ ഇളവ്

പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീംകോടതി അനുമതി നൽകി. രണ്ടു മാസത്തേക്ക് കേരളത്തിലേക്ക് വരാനാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയിരിക്കുന്നത്. ജാമ്യവ്യവസ്ഥകളിൽ ഇളവ് തേടിയുള്ള മഅ്ദനിയുടെ ഹരജി ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.

തനിക്ക് ഒരു ഭീകര സംഘടനയുമായും ബന്ധമില്ലെന്നും പ്രതി ചേർത്തിരിക്കുന്നത് ഗൂഢാലോചന കേസിൽ മാത്രമാണെന്നും വൃക്ക മാറ്റിവെക്കേണ്ട സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാൻ അനുവാദം തേടിയതെന്നും അദ്ദേഹം കർണാടക സർക്കാറിന്‍റെ സത്യവാങ്മൂലത്തെ എതിർത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. തന്‍റെ ആരോഗ്യനില വ്യക്തമാക്കുന്ന ചിത്രങ്ങളടക്കമുള്ളതായിരുന്നു സത്യവാങ്മൂലം.
Also Read – അതീഖ് അഹ്മദ് വധം: പ്രതികളെ മറ്റൊരു ജയിലിലേക്ക് മാറ്റി
ആയുർവേദ ചികിത്സ അനിവാര്യമാണ്. പിതാവിന്‍റെ ആരോഗ്യനില വഷളായതിനാൽ അദ്ദേഹത്തെ കാണണം. കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാൽ കർണാടകയിൽ ഇനി കഴിയേണ്ട കാര്യമില്ല. എല്ലാ ദിവസവും വിചാരണ നടക്കുന്നുവെന്ന സർക്കാറിന്റെ വാദം തെറ്റാണ്. മാസത്തിൽ നാല് ദിവസം മാത്രമാണ് വിചാരണ നടക്കുന്നുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയിലും പങ്കില്ല. ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കുമെന്നത് വാദം മാത്രമാണ്. നേരത്തെ ജാമ്യത്തിൽ ഇറങ്ങിയപ്പോഴും എല്ലാ വ്യവസ്ഥകളും പാലിച്ചിരുന്നെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.


വിചാരണ പൂർത്തിയായി കേസ് അന്തിമവാദത്തിലെത്തിയ സാഹചര്യത്തിൽ മഅ്ദനിയെ ഇനിയും ബംഗളൂരുവിൽ വെക്കുന്നതെന്തിനാണെന്ന് സുപ്രീംകോടതി നേരത്തെ ചോദിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഹരജിയിൽ വാദം നടന്നപ്പോൾ, ഇത്രയും നാളായി ജാമ്യവ്യവസ്ഥകളുടെ ലംഘനമുണ്ടായിട്ടുണ്ടോ എന്ന് ജസ്റ്റിസ് രസ്തോഗി കർണാടകയുടെ അഭിഭാഷകനോട് ചോദിച്ചിരുന്നു. ഇന്ത്യൻ മുജാഹിദീൻ, സിമി തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യക്തിയാണ് മഅ്ദനിയെന്നും നിരോധിക്കപ്പെട്ട കേരളത്തിലെ ഒരു പാർട്ടിയുടെ സ്ഥാപകനാണെന്നും കേരളത്തിൽ പോകാൻ മഅ്ദനിക്ക് ഇളവ് നൽകരുതെന്നുമാണ് കർണാടക സർക്കാർ ചോദ്യത്തിന് മറുപടി നൽകിയത്. അന്തിമ വാദം ദിവസവും തുടരുകയാണെന്ന് കർണാടക സർക്കാറിന്റെ അഭിഭാഷകൻ പറഞ്ഞപ്പോൾ, ഇന്നും അന്തിമ വാദം തുടരുകയാണോ എന്നും ജസ്റ്റിസ് അജയ് രസ്തോഗി തിരിച്ചുചോദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ