വയോധികയോട് മോശമായി പെരുമാറിയ ക്രിമിനലുകളായ പോലിസുകാരെ പിരിച്ചുവിടുകയാണ് വേണ്ടത് : മുസ്തഫ നാറാത്ത്
കണ്ണൂർ : സർക്കാർ – പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിരന്തരം ഉപദേശവും നിർദേശവും നൽകുമ്പോഴും സാധാരണക്കാരോടുള്ള അവരുടെ പെരുമാറ്റത്തിന് യാതൊരു മാറ്റവും
വരുന്നില്ല എന്നതിന്റെ
ഒടുവിലത്തെ ഉദാഹരണമാണ് ധർമ്മടം പോലിസ് സ്റ്റേഷനിൽ നടന്നതെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് പ്രസ്താവനയിൽ പറഞ്ഞു.
മകനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നറിഞ്ഞ് ധർമ്മടം സ്റ്റേഷനിലെത്തിയ വയോധികയോടാണ് സി.ഐ സ്മിതേഷ് തട്ടികയറുകയും മനുഷത്വരഹിതമായി പെരുമാറുകയും ചെയ്തത്.
ഇത്തരം ക്രിമിനൽ മനോഗതമുളള ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയല്ല പിരിച്ചു വിടുകയാണ് വേണ്ടത്.
ആയുസിന്റെ ബലം കൊണ്ടു മാത്രമാണ് കസ്റ്റഡിയിലായ മകനും അമ്മയും ജീവനോടെ പുറത്തെത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ തന്നെ സി.ഐ സ്മിതേഷ് കുറ്റം ചെയ്തെന്ന് സിറ്റി പോലിസ് കമ്മിഷണർ വ്യക്തമാക്കിയ സാഹചര്യത്തിൽ പോലിസുകാരനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
നിസാര വിഷയങ്ങളിൽ പോലും ആളുകളുടെ ആത്മാഭിമാനത്തെയും അന്തസ്സിനെയും തകർക്കുന്ന ഇടങ്ങളായി പോലിസ് സ്റ്റേഷൻ മാറിയിരിക്കുകയാണ്. പിണറായി വിജയൻ ആഭ്യന്തരം ഭരിക്കുമ്പോഴാണ് കസ്റ്റഡി മർദ്ദനവും കസ്റ്റഡി കൊലപാതകവും ദിനംപ്രതിയെന്നോണം നടക്കുന്നത്.
ഇടതുപക്ഷത്തിന്റെ തുടർ ഭരണത്തിൽ ജനമൈത്രി പോലിസ് സ്റ്റേഷനുകൾ പോലും ആളുകൾക്ക് ജീവഹാനി സംഭവിക്കുന്ന കോൺസട്രേഷൻ ക്യാംപായി മാറിയെന്നും മുസ്തഫ നാറാത്ത് കുറ്റപ്പെടുത്തി.


