പാപ്പിനിശ്ശേരി മേൽപ്പാലത്തിൽ വീണ്ടും വൻകുഴികൾ
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിന് ഭീഷണിയായി വീണ്ടും കുഴികൾ രൂപപ്പെട്ടു. പല സ്ഥലങ്ങളിലും ടാറിങ് ഇളകി ചെറുതും വലുതുമായ നിരവധി കുഴികളാണ് പാലത്തിൽ ഉള്ളത്. കഴിഞ്ഞ രണ്ടുദിവസമായി മഴ കനത്തതോടെ റോഡിന്റെ പലഭാഗത്തും ടാറിങ്ങിൽ വിള്ളലും ഉണ്ടായിട്ടുണ്ട് .
പാലം നിർമാണത്തിലെ അപാകത്തെക്കുറിച്ച് വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. അതിനിടയിലാണ് നിരവധി തകരാറുകളും അടിക്കടി ശ്രദ്ധയിൽപ്പെടുന്നത്. ഒന്നരമാസം മുൻപ് റെയിൽവേ ലൈനിന്റെ സമീപം മേൽപ്പാലത്തിന്റെ അടിഭാഗത്ത് കോൺക്രീറ്റ് പാളി അടർന്ന് വീണിരുന്നു.
ഇതോടൊപ്പം അതേ ഭാഗത്ത് മേൽപ്പാലത്തിന്റെ കൈവരിയും ദ്രവിച്ച അവസ്ഥയിലായിരുന്നു. ഇതിനെ തുടർന്ന് രണ്ടാഴ്ച മുൻപ് ഇതേസ്ഥലത്ത് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇപ്പോൾ ഇതേ സ്ഥലത്തിന്റെ മുകൾഭാഗത്തെ റോഡിലാണ് കുഴികൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ലോക്ഡൗൺ കാരണം വാഹനഗതാഗതം കുറഞ്ഞത് കുഴികളുടെ എണ്ണവും ആഴവും വർധിക്കാതിരിക്കാനും കാരണമാകുന്നുണ്ട്.