Home KANNUR പയ്യാമ്പലം സംസ്ക്കാരം സംബന്ധിച്ച തീരുമാനം ചിലർ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു :മേയർ
KANNUR - May 16, 2021

പയ്യാമ്പലം സംസ്ക്കാരം സംബന്ധിച്ച തീരുമാനം ചിലർ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു :മേയർ

പയ്യാമ്പലത്തെ സംസ്കാരവുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ എടുത്ത തീരുമാനങ്ങൾ സംബന്ധിച്ച തെറ്റിദ്ധാരണ ഉണ്ടാക്കാൻ എം വി ജയരാജനെ പോലെയുള്ള ചിലർ ശ്രമിക്കുകയാണെന്ന് മേയർ അഡ്വ. ടി ഒ.മോഹനൻ പറഞ്ഞു.
കോർപ്പറേഷന്റെ ഈ തീരുമാനം ജനങ്ങൾ പരക്കെ സ്വാഗതം ചെയ്തിരിക്കുകയാണ്.
ഒരു മഹാവ്യാധിയുടെ മുന്നിൽ ഭീതിയോടെ നിൽക്കുമ്പോൾ പലർക്കും ഉറ്റവരെ നഷ്ടപ്പെടുമ്പോൾ അവരുടെ അന്ത്യകർമ്മങ്ങൾ പോലും ഒരു ബാധ്യതയായി മാറുന്നതിൽ നിന്ന് ആശ്വാസമേകുക എന്നതാണ് കോർപ്പറേഷന്റെ ലക്ഷ്യം.
കോവിഡ് ബാധിതനായ ഒരാൾ മരണപ്പെടുമ്പോൾ അവരുടെ മൃതദേഹം വീട്ടിൽ നിന്നോ ആശുപത്രിയിൽ നിന്നോ കോർപ്പറേഷൻ സജ്ജമാക്കിയ ആംബുലൻസിൽ പയ്യാമ്പലത്ത് എത്തിച്ചു തീർത്തും സൗജന്യമായി സംസ്കരിക്കുക എന്നതാണ് കോർപ്പറേഷൻ ഉദ്ദേശിക്കുന്നത്.
ആംബുലൻസിന്റെ വാടകയെകുറിച്ചോ, പി. പി.ഇ കിറ്റിന്റെ ചെലവിനെകുറിച്ചോ,
ബോഡി ബാഗിന്റെ ചെലവൊ
ഒന്നിനെ കുറിച്ചും മരണമടഞ്ഞവരുടെ ബന്ധുക്കൾ വേവലാതിപ്പെടേണ്ടതില്ല.
അതുകൊണ്ടുതന്നെയാണ് ഈ തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടത്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം. വി ജയരാജന്റേതായി മാധ്യമങ്ങളിൽ വന്ന പ്രസ്താവനയിൽ വളണ്ടിയർമാരെ ഒഴിവാക്കിക്കൊണ്ട് ആയിരിക്കരുത് പയ്യാമ്പലത്തെ നടപടികൾ എന്ന് പറഞ്ഞതായി കണ്ടു.
അത്തരത്തിൽ വളണ്ടിയർമാരെ ഒഴിവാക്കുന്നതിനെക്കുറിച്ചോ ഒന്നും ഞങ്ങൾ എവിടെയും തീരുമാനിക്കുകയോ പറയുകയോ ചെയ്തിട്ടില്ല.
ഞങ്ങൾ ലക്ഷ്യമിടുന്നത് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുക എന്നതാണ്.
യൂത്ത് കോൺഗ്രസിന്റെ ഉൾപ്പെടെ നിരവധി സന്നദ്ധ വളണ്ടിയർമാർ പയ്യാമ്പലത്തെ സംസ്കാരവുമായി കോർപ്പറേഷനുമായി സഹകരിക്കുന്നുണ്ട്.

ഇതിനിടയിൽ കോർപ്പറേഷൻ ഭരണത്തെ എങ്ങനെയെങ്കിലും മോശമായി ചിത്രീകരിക്കുക എന്ന ഉദ്ദേശത്തോടെ വസ്തുത വിരുദ്ധമായ കാര്യങ്ങൾ അദ്ദേഹം പറഞ്ഞു വെക്കുന്നുമുണ്ട്.

അതിൽ
15 മാസമായി കോർപ്പറേഷൻ ഒന്നും ചെയ്തില്ല എന്ന് പറയുമ്പോൾ ഇതുവരെ നടന്ന എല്ലാ സംസ്കാരങ്ങളും കോർപ്പറേഷന്റെ തന്നെ ചെലവിൽ തന്നെയാണ് നടത്തിയത് എന്നത് അദ്ദേഹം മറച്ചുവെക്കുകയാണ്.
ഇപ്പോൾ സൗജന്യമാക്കിയത് ആംബുലൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ ആണ്.

ഇതിനെതിരെ ആക്ഷേപം ഉന്നയിക്കുന്ന അദ്ദേഹത്തിന്റെ പാർട്ടി ഭരിക്കുന്ന ജില്ലയിലെ ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എത്രയെണ്ണം ഇത്തരം സൗജന്യങ്ങൾ ജനങ്ങൾക്ക് നൽകിയിട്ടുണ്ട് എന്ന് അറിയാൻ താല്പര്യമുണ്ട്.

അതോടൊപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട ജനങ്ങൾക്കുണ്ടാകുന്ന ബാധ്യതകൾ സംബന്ധിച്ച് മറ്റു ചില പരാതികളും കോർപ്പറേഷൻ ഭരണാധികാരി എന്ന നിലയിൽ എന്റെ മുമ്പിൽ വന്നിട്ടുണ്ട്. ഏതായാലും ഇപ്പോൾ അതിന്റെ വിശദാംശങ്ങൾ പറയാൻ ഉദ്ദേശിക്കുന്നില്ല.

പിന്നെ അദ്ദേഹം പറയുന്നത് വളണ്ടിയർമാർക്ക് പാസ് നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. തീരുമാനിച്ച എണ്ണം പോലും പാസുകൾ എൽഡിഎഫ് കൗൺസിലർമാർക്ക് നൽകിയില്ല എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഏത് ഡിവിഷനിൽ ആണ് അത്തരത്തിൽ എണ്ണത്തിൽ കുറവ് പാസ് നൽകിയത് എന്ന് അദ്ദേഹം തന്നെയാണ് വ്യക്തമാക്കേണ്ടത്.
കൗൺസിലർ മാരോട് അന്വേഷിച്ചാൽ അവർക്കൊക്കെ എത്ര പാസ് വീതം അനുവദിച്ചു എന്ന് കൃത്യമായിത്തന്നെ അറിയാൻ കഴിയും.
ഏതായാലും കൗൺസിലർമാരിൽ നിന്ന് ഇത്തരം ഒരു പരാതി ഉണ്ടാവാൻ സാധ്യതയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.

മറ്റൊന്ന് അലഞ്ഞുതിരിയുന്ന വരുടെ പുനരധിവാസവുമാ യി ബന്ധപ്പെട്ടാണ്.
അലഞ്ഞുതിരിയുന്നവർ കൃത്യമായി പരിശോധനക്ക്‌ വിധേയരാവാത്തവർ ആയതിനാൽ അവരിൽ രോഗമുള്ളവർ ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് പകരാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ആണ് ഇത്തരം ആളുകളെ കണ്ടെത്തി പുനരധിവസിപ്പിക്കാൻ കഴിഞ്ഞ മാസം ചേർന്ന കോർപ്പറേഷൻ സ്റ്റിയറിങ് കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനം എടുത്തത്.
അതിനുശേഷം കഴിഞ്ഞ മെയ് നാലിന് ചേർന്ന് കോർപ്പറേഷൻ ജാഗ്രത സമിതി യോഗത്തിൽ പോലീസുമായി ആലോചിച്ച് പുനരധിവാസത്തിന് ആവശ്യമായ നടപടികൾ എടുക്കുന്നതിന് വേണ്ടി തീരുമാനിക്കുകയും ചെയ്തു.
കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടറും കോർപ്പറേഷനിലെ സിപിഎം കക്ഷി നേതാവും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് ഇത്തരത്തിൽ തീരുമാനം എടുത്തത്.
ഇതിനുശേഷമാണ് കഴിഞ്ഞ മേയ് പത്തിന് ഇവർക്കായുള്ള പരിശോധന
പോലീസിന്റെ സഹായത്തോടെ ടൗണിൽ ആരംഭിക്കുകയും അന്നുതന്നെ മുപ്പതോളം ആളുകളെ കണ്ടു പിടിച്ച് പയ്യാമ്പലം ടൗൺ സ്കൂളിലെ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തത്.
ഇത് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമെന്ന നിലയിൽ കോർപ്പറേഷന്റെ ഉത്തരവാദിത്വം ആണ്.
ഇത്തരം കാര്യങ്ങളിൽ നടപടികൾ സ്വീകരിക്കുമ്പോൾ ഞങ്ങളുമായി ചേർന്ന് ആലോചിക്കണം എന്ന് പറയുന്നവർ ഒരു ജനാധിപത്യ ഭരണസംവിധാനത്തിന്റെ അധികാരത്തെ കുറിച്ച് അറിയാത്തവർ ഒന്നുമല്ല.
കേരളത്തിലെ ഏതെങ്കിലും കോർപ്പറേഷനോ മറ്റ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോ ഇത്തരത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല.
ഞങ്ങൾ നടപടി സ്വീകരിച്ച് മുന്നോട്ടു വന്നപ്പോൾ അതിന് സമാന്തരമായി നിന്ന് ഒരു ജനാധിപത്യ സംവിധാനത്തെ തന്നെ അപഹസിക്കാൻ ശ്രമിക്കുന്നത് ഒട്ടും ഭൂഷണമല്ല.

മറ്റൊരു ആക്ഷേപം സമൂഹ അടുക്കള കോർപ്പറേഷനിൽ ഇല്ല എന്നുള്ളതാണ്. കഴിഞ്ഞ ലോക ഡൗൺ കാലത്ത് 93 ദിവസം പ്രവർത്തിച്ച കണ്ണൂർ കോർപ്പറേഷന്റെ സമൂഹ അടുക്കള വഴി ബുദ്ധിമുട്ടനുഭവിക്കുന്ന ഒന്നേകാൽ ലക്ഷം പേർക്ക് ഭക്ഷണം നൽകാൻ കഴിഞ്ഞിട്ടുണ്ട്.

എന്നാൽ ഇത്തവണ സർക്കാർ തന്നെ നിർദേശിച്ചിരിക്കുന്നത് ആവശ്യമാണെങ്കിൽ മാത്രം സമൂഹ അടുക്കള തുടങ്ങിയാൽ മതി എന്നാണ്.
ലോക്ക് ഡൗണിലും കടകളും, ഹോട്ടലുകളും മറ്റും തുറക്കുന്നത് കൊണ്ടും സി.എഫ്. എൽ.ടി. സി പോലുള്ള സംവിധാനങ്ങൾ കുറവായതു കൊണ്ടും ഇത്തവണ മിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സമൂഹ അടുക്കള ആരംഭിച്ചിട്ടില്ല എന്നുള്ളത് അദ്ദേഹത്തിന് അറിയാഞ്ഞിട്ട് ഒന്നുമല്ല. കോർപ്പറേഷന് മേൽ ഒരു ആരോപണം ഉന്നയിക്കുക എന്നതിൽ കവിഞ്ഞ പ്രാധാന്യമൊന്നും അതിനില്ല.
എന്നാൽ കോർപ്പറേഷൻ ആരംഭിച്ചിട്ടുള്ള
ഡോമിസൈൽ കെയർ സെന്ററുകളിലും
പുനരധിവാസ കേന്ദ്രത്തിലും ഉള്ളവർക്ക് മൂന്നുനേരവും കൃത്യമായി ഭക്ഷണം നൽകുന്നത്തിനുള്ള നടപടികൾ കോർപ്പറേഷൻ സ്വീകരിച്ചിട്ടുമുണ്ട്.

കഴിഞ്ഞ തവണ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച 500 കിടക്കകളുള്ള സി. എഫ്. എൽ.ടി.സി കോർപ്പറേഷൻ പരിധിയിൽ ഉള്ളവർക്ക് മാത്രമല്ല ജില്ലയിലെ മുഴുവൻ ആളുകൾക്കും ആശ്വാസമേകുന്ന ഒന്നായി മാറിയതും ജില്ലയിൽ, ഒരുപക്ഷേ സംസ്ഥാനത്ത് തന്നെ ഏറ്റവും അവസാനം (ഇക്കഴിഞ്ഞ മാർച്ച് മാസം) പ്രവർത്തനം നിർത്തിയ ഒരു സംവിധാനം ആയി മാറുകയും ചെയ്തു എന്നതിൽ ഞങ്ങൾക്ക് അഭിമാനം ഉണ്ട്.

കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇത്തവണ നേരത്തെ തന്നെ എല്ലാ വാർഡുകളിലും ജാഗ്രതാസമിതികൾ സജ്ജമാക്കാൻ കഴിഞ്ഞു. അതുവഴി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വികേന്ദ്രീകരിക്കാൻ സാധിച്ചിട്ടുണ്ട്.
കോർപ്പറേഷനിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്ക്കിലേക്ക് ദിവസേന വരുന്ന നിരവധി കോളുകൾ വഴി ആവശ്യക്കാർക്ക് ചികിത്സയും, മരുന്നും, ആംബുലൻസുകളും, മറ്റു വാഹന സൗകര്യങ്ങൾ ഉൾപ്പെടെ പരമാവധി സേവനങ്ങൾ നൽകിവരുന്നുണ്ട്.
ബഹുമാനപ്പെട്ട മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ. സുധാകരൻ എം.പി, അഴീക്കോടിന്റെ നിയുക്ത എം.എൽ.എ
കെ. വി. സുമേഷ് തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ കോർപ്പറേഷൻ ഹെൽപ്പ് ഡെസ്ക് സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ഉണ്ടായിട്ടുണ്ട്.
മുഴുവൻ കൗൺസിലർമാരുടെയും, ഉദ്യോഗസ്ഥരുടെയും, സന്നദ്ധപ്രവർത്തകരുടെയും, സുമനസ്സുകളുടെയും നിർലോഭമായ സഹായസഹകരണങ്ങൾ എല്ലാ തലത്തിലും കോർപ്പറേഷന് ലഭിച്ചു വരുന്നുണ്ട്.

ഇതിലൊന്നും എവിടെയും ഞങ്ങളാരും ഒരു രാഷ്ട്രീയവും കണ്ടിട്ടില്ല.
ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച്
ആധി നിറഞ്ഞ ഈ കാലത്ത്
ഇത്തരം ജനക്ഷേമ നടപടികളുമായി മുന്നോട്ടു പോകുമ്പോൾ ഇല്ലാത്ത കാര്യങ്ങൾ ആരോപിച്ചു കുറ്റം കണ്ടെത്തുന്നവരാണ് യഥാർത്ഥത്തിൽ രാഷ്ട്രീയം കളിക്കുന്നത്. ഞങ്ങൾ 55 പേർ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവർ ആണ്. ജനസേവനം ആണ് ഞങ്ങളുടെ ലക്ഷ്യം. അതിനായുള്ള തീരുമാനങ്ങളും നടപടികളും ആയിട്ടാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്.
ജനപിന്തുണയോടെഇനിയും അത്‌ തുടരുക തന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കണം -കെ.സുധാകരൻ