Home KANNUR അഴീക്കോട് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി;ആവശ്യങ്ങള്‍ ഉന്നയിച്ച് കുട്ടികള്‍, പരിഹരിക്കുമെന്ന് എം എല്‍ എ
KANNUR - January 21, 2023

അഴീക്കോട് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി;ആവശ്യങ്ങള്‍ ഉന്നയിച്ച് കുട്ടികള്‍, പരിഹരിക്കുമെന്ന് എം എല്‍ എ

കാട്ടാമ്പള്ളി: വിദ്യാലയങ്ങളിലെ പഠനാന്തരീക്ഷം വിലയിരുത്താനും വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ മനസിലാക്കാനും സ്‌കൂള്‍ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. അഴീക്കോട് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് മണ്ഡലത്തിലെ 72 സ്‌കൂള്‍ ലീഡര്‍മാര്‍ കെ വി സുമേഷ് എംഎല്‍എയുമായി സംവദിച്ചത്. പുതു തലമുറയുടെ കാഴ്ചപ്പാടുകള്‍ പറഞ്ഞുവെക്കാനുള്ള ഇടമായി പരിപാടി മാറി. ഓരോ ലീഡര്‍മാരും അവരവരുടെ സ്‌കൂളുകളിലേക്ക് ലഭിക്കേണ്ട കാര്യങ്ങളും പൊതുവായ നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചു. സ്‌കൂളില്‍ പൂന്തോട്ടവും ആവശ്യത്തിന് കമ്പ്യൂട്ടറും വേണമെന്ന് അഴീക്കോട് എച്ച് എസിലെ ലീഡര്‍ പറഞ്ഞു. പുസ്തകങ്ങള്‍ ഒരുപാടുണ്ടെങ്കിലും മതിയായ ലൈബ്രറി സൗകര്യം ഇല്ലെന്നും അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നുമായിരുന്നു ചിറക്കല്‍ രാജാസ് എച്ച് എസ് എസ് പ്രതിനിധിയുടെ ആവശ്യം. മീന്‍കുന്ന് എച്ച് എസ് എസിലെയും പള്ളിക്കുന്ന് എച്ച് എസ് എസിലെയും സ്‌കൂള്‍ ലീഡര്‍മാരുടെ പ്രശ്‌നം കുടിവെള്ളം ക്ഷാമമായിരുന്നു. വേനല്‍ക്കാലത്ത് കിണര്‍ വറ്റുന്നതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നുവെന്ന് കുട്ടികള്‍ പറഞ്ഞു. വിദ്യാര്‍ഥികളില്‍ കാണപ്പെടുന്ന ലഹരി ഉല്‍പന്നങ്ങളുടെ ഉപയോഗം തടയാന്‍ ശക്തമായ നടപടി ആസൂത്രണം ചെയ്യണമെന്നായിരുന്നു പുഴാതി എച്ച് എസ് എസിലെ ലീഡറുടെ ആവശ്യം.
കുട്ടികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍കൊണ്ടായിരിക്കും സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് രൂപം നല്‍കുകയെന്ന് അധ്യക്ഷത വഹിച്ച കെ വി സുമേഷ് എംഎല്‍എ വ്യക്തമാക്കി. കുട്ടികളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് ആവശ്യമായ മാറ്റം വരുത്താന്‍ ശ്രമിക്കുമെന്നും എംഎല്‍എ ഉറപ്പു നല്‍കി.
സമഗ്ര വിദ്യാഭ്യാസ പദ്ധതി ആസൂത്രണത്തിന്റെ ആദ്യഘട്ടത്തില്‍ മണ്ഡലതല ശില്‍പശാല നടത്തി കണ്ണൂര്‍ ഡയറ്റ് തയ്യാറാക്കിയ സ്‌കൂളുകളുടെ അവസ്ഥാ പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു.ഇതിനോടനുബന്ധിച്ചാണ് സ്‌കൂള്‍ ലീഡേഴ്‌സ് മീറ്റ് നടത്തിയത്.
കാട്ടാമ്പള്ളി കയാക്കിങ് കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. ടി സരള, കെ കെ രത്‌നകുമാരി, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ ശ്രുതി (ചിറക്കല്‍), കെ രമേശന്‍ (നാറാത്ത്), കെ അജീഷ് (അഴീക്കോട്), എ വി സുശീല (പാപ്പിനിശ്ശേരി), പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓര്‍ഡിനേറ്റര്‍ പി വി പ്രദീപന്‍, എസ് എസ് കെ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ സി വിനോദ്, കണ്ണൂര്‍ ഡിഇഒ കെ സുനില്‍കുമാര്‍, കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ വി വി പ്രേമരാജന്‍, ഡയറ്റ് ലക്ചറര്‍ കെ ബീന, എഇഒ പി വി വിനോദ് കുമാര്‍, അസാപ്പ് ജില്ല കോഓര്‍ഡിനേറ്റര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി ഇനി പഞ്ചായത്തുതല ചര്‍ച്ചകള്‍, സ്‌കൂള്‍തല ചര്‍ച്ചകള്‍ എന്നിവ നടത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ