എൻ.പി.എൽ സീസൺ 2 കിരീടം; സ്‌ലാണ്ടർ സൂക്കിന്
കണ്ണാടിപ്പറമ്പ് : യുനൈറ്റഡ് നിടുവാട്ട് ഫുട്ബോൾ സംഘടിപ്പിച്ച കോർ സ്റ്റീൽ’സ് എൻ.പി.എൽ രണ്ടാം സീസണിൽ ചരിത്രം ആവർത്തിച്ച് സ്‌ലാണ്ടർ സൂക്ക് ജേതാക്കളായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ വെസ്റ്റേൺ ബ്രദേഴ്‌സ് പള്ളിപ്രം ആയിരുന്നു എതിരാളികൾ. ആവേശോജ്വലമായ മത്സരത്തിൽ മുഴുവൻ സമയം അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം സ്കോർ ചെയ്ത് സമനിലയിൽ പിരിയുകയും , എക്സ്ട്രാ ടൈം അവസാനിക്കുമ്പോഴും സമനില തുടർന്ന മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയാണ് ചെയ്തത്. പെനാൽറ്റി ഷൂട്ടൗട്ടിൽ സ്‌ലാണ്ടർ ഗോൾകീപ്പർ സൽമാൻ ഫാരിസിന്റെ മിന്നും സേവിൽ വെസ്റ്റേൺ ബ്രദേഴ്‌സ് പള്ളിപ്രത്തിനെ സ്‌ലാണ്ടർ സൂക്ക് തോൽപ്പിക്കുകയാണുണ്ടായത്. ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി സൽമാൻ ഫാരിസ് തിരഞ്ഞെടുക്കപ്പെട്ടു.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി വെസ്റ്റേൺ ബ്രദേഴ്‌സിന്റെ മുഫ്‌ലിഹിനെയും, മികച്ച ഡിഫന്ററായി എക്സ് ഗൾഫ് പാറപ്പുറത്തിന്റെ ശാക്കിർ സി യെയും, മികച്ച ഗോൾകീപ്പറായി വെസ്റ്റേൺ ബ്രദേഴ്‌സിന്റെ അഭിജിത്തിനെയും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എമർജിങ് പ്ലെയർ ട്രോഫി സായിദും, ടോപ് സ്‌കോറർ ട്രോഫി സജാദും കരസ്ഥമാക്കി.
ടൂർണമെന്റിലെ വിജയികൾക്കുള്ള സ്ഥിരം ട്രോഫി സമ്മാനിച്ചത് ബൈത്താൻ എന്റർപ്രൈസസ് എ പി ബി കെ ഗ്രൂപ്പും, ക്യാഷ് പ്രൈസ് നൽകിയത് കോർ സ്റ്റീൽസ് പാപ്പിനിശ്ശേരിയുമാണ്. റണ്ണേഴ്സിനുള്ള സ്ഥിരം ട്രോഫി സ്പോൺസർ ചെയ്‌തത് ഇലക്ട്രിക് ബൈ കണ്ണൂരും, പ്രൈസ് മണി നൽകിയത് മിൽമ കണ്ണൂർ ഡയറിയും സത്യ ബിൽഡേഴ്‌സ് കണ്ണാടിപ്പറമ്പും സംയുക്തമായാണ്. വിന്നേഴ്സിനുള്ള എവർ റോളിങ്ങ് ട്രോഫി റോയൽ ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ആറാംപീടികയാണ് സമ്മാനിച്ചത്.
പ്രദേശത്തുള്ള കുട്ടികൾക്ക് ഫുട്ബോൾ കളിയിൽ അഭിരുചി കണ്ടെത്താനും, നാട്ടിലെ കായിക പ്രേമികൾക്ക് നല്ലൊരു ഫുട്ബാൾ മത്സരം കാണുവാനുമായി 4 ദിവസം നീണ്ടു നിന്ന എൻ.പി.എൽ ഫുട്ബോൾ മാമാങ്കവുമായി സഹകരിച്ച മുഴുവൻ കായിക പ്രേമികൾക്കും, നാട്ടുകാർക്കും, കളിക്കാർക്കും, ടീമുകൾക്കും, സ്പോൺസർമാർക്കും എൻ.പി.എൽ സംഘാടക സമിതി പ്രത്യേകം നന്ദി രേഖപ്പെടുത്തി.


