ടാങ്കറും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്ക്
തളിപ്പറമ്പ്: ദേശീയ പാതയിൽ ചിറവക്കിൽ ടാങ്കർ ലോറിയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് വാഹനത്തിലെ ഡ്രൈവർമാർക്ക് സാരമായി പരിക്കേറ്റു. ടാങ്കർ ഡ്രൈവർ തിരുവനന്തപുരം സ്വദേശി മുഹമ്മദ് ബാഷ (50), രാജസ്ഥാൻ സ്വദേശി അർബാസ് (31) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് ഫയർസ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിലാണ് വാഹനങ്ങളിൽ കുടുങ്ങിയ ഡ്രൈവർമാരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ടു പേരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് ക്രൈയിൻ ഉപയോഗിച്ച് ലോറികൾ മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു.


