പയ്യന്നൂർ: കണ്ണൂർ കേന്ദ്രീകരിച്ച് വിമാനതാവളങ്ങളെ ചുറ്റിപറ്റി നടത്തുന്ന അന്തർ സംസ്ഥാന സ്വർണ്ണക്കവർച്ചാ സംഘത്തലവൻ അർജുൻ ആയങ്കിയും സംഘവും പയ്യന്നൂർ പെരിങ്ങോത്ത് വെച്ച് മലപ്പുറം എസ്.പി.സുജിത് ദാസ് ഐ.പി.എസിൻ്റെ നിർദേശപ്രകാരം കൊണ്ടോട്ടി ഡിവൈ.എസ്.പി.കെ.അഷറഫിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി.കണ്ണൂർ വളപട്ടണം അഴീക്കൽ സ്വദേശി അർജുൻ ആയങ്കി ( 26 ), അഴീക്കൽ സ്വദേശി നിറച്ചൻ വീട്ടിൽ പ്രണവ് എന്ന കാപ്പിരി പ്രണവ് (25), പെരിങ്ങോം അരവഞ്ചാൽ സ്വദേശി കാണിച്ചേരി സനൂജ് (22), തിരുവനന്തപുരം വെമ്പായം സ്വദേശി എൻ.എൻ. മൻസിലിൽ നൗഫൽ (26) എന്നിവരെയാണ് പിടികൂടിയത്. പെരിങ്ങോം അരവഞ്ചാലിലെ മലമുകളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന സംഘത്തെ അതി സാഹസികമായാണ് പെരിങ്ങോം പോലീസിൻ്റെ സഹായത്തോടെ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. രഹസ്യ നീക്കത്തിലൂടെ പ്രതിയായ നൗഫലിനെ രണ്ട് ദിവസം മുമ്പ് വയനാട്ടിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പിടികൂടിയിരുന്നു. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ ഇറങ്ങിയ അർജുൻ ആയങ്കി കാക്കനാട് ജയിലിൽ വെച്ച് പരിചയപ്പെട്ട എറണാംകുളം സ്വദേശികളെയും ഉൾപ്പെടുത്തി പുതിയ സംഘം രൂപീകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ നൗഫലുമായി ചേർന്ന് കാക്കനാട് വീട് വാടകക്കെടുത്ത് താമസിച്ചാണ് കേരളത്തിലെ വിവിധ ജില്ല കളിലെ ക്വട്ടേഷൻ സംഘങ്ങള നിയന്ത്രിച്ചിരുന്നത്. നിലവിൽ യുവജനക്ഷേമ കമ്മീഷൻ വെമ്പായം പഞ്ചായത്ത് കോഡിനേറ്ററാണ് പോലീസ് പിടിയിലായ നൗഫൽ. സംഘത്തിലുളളവരെ പിടികൂടിയതറിഞ്ഞ് നൗഫൽ ഇവരെ ഇടുക്കിയിലെ തന്റെ സ്വകാര്യ റിസോട്ടിൽ താമസിപ്പിക്കുകയായിരുന്നു. തുടർന്ന് ഒളിവിൽ കഴിയുന്നതിനുള്ള സൗകര്യങ്ങൾ നൽകുകയായിരുന്നു. ഇയാളുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ മാസം 11 ന് കരിപ്പൂർ എയർപോർട്ട് പരിസരത്തു നിന്നും അനധികൃതമായി കടത്തി കൊണ്ടുവന്ന സ്വർണ്ണം കവർച്ച ചെയ്യാൻ എത്തിയ അർജ്ജുൻ ആയങ്കിയുടെ നേതൃത്വത്തിലുള്ള കവർച്ച സംഘത്തിലെ 5 പേരെ പോലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നും കവർച്ച ചെയ്ത സ്വർണ്ണവും കണ്ടെത്തിയിരുന്നു. പിടിയിലായ അർജുൻ ആയങ്കി കൊലപാതക ശ്രമമുൾപ്പെടെയുള്ള കേസിൽ പ്രതിയാണ് പിടിയിലായ പ്രതികളിൽ നിന്നും രണ്ട് കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടന്ന കവർച്ചകളിൽ ഈ സംഘത്തിന്റെ പങ്ക് അന്വേഷിച്ചുവരികയാണ്. കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. കാപ്പ ചുമത്താനുള്ള നടപടികളും സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. പോലീസ് സംഘത്തിൽ
മലപ്പുറം ഇൻസ്പക്ടർ ജോബി തോമസ് , കരിപ്പൂർ ഇൻസ്പക്ടർ ഷിബു പ്രത്യേക അന്വേഷണ സംഘത്തിലെ പി. സഞ്ജീവ്, രതീഷ്, സബീഷ്, ഷബീർ, സഹേഷ്, സാദിഖലി റഹ്മാൻ,ഹമീദലി, സുബ്രഹ്മണ്യൻ എന്നിവരും ഉണ്ടായിരുന്നു.


