കേസെഴുത്തിൽ പരിശീലനവുമായി പൊലീസ് അസോസിയേഷൻ
കേരള പൊലീസ് അസോസിയേഷൻ സിറ്റി ജില്ല കമ്മിറ്റി ജോർജ് ഫ്രാൻസിസ് പഠനകേന്ദ്രം ‘കേസെഴുത്തിന്റെ പ്രായോഗിക പാഠങ്ങൾ’ എന്ന വിഷയത്തിൽ പരിശീലനം നൽകി. ഓരോ സ്റ്റേഷനിൽ നിന്നും തിരഞ്ഞെടുത്ത 35 പഠിതാക്കൾക്കാണ് ഇൻക്വസ്റ്റുമായി ബന്ധപ്പെട്ട പരിശീലനം നൽകിയത്. ഒരു തൂങ്ങിമരണക്കേസും ഒരു കൊലപാതകക്കേസും പഠിപ്പിക്കാൻ രണ്ടിന്റെയും ഡമ്മി മാതൃകകൾ നിർമിച്ചു.
കേസെഴുത്തിലെ അനുഭവസമ്പന്നരായ, കേസന്വേഷണത്തിൽ മികവുതെളിയിച്ച ഓഫിസർമാരുടെ നേതൃത്വത്തിലാണ് പരിശീലനം. അസോസിയേഷൻ ജില്ല സെക്രട്ടറി സിനീഷ്, പ്രസിഡന്റ് സന്ദീപ് കുമാർ, കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി കൃഷ്ണൻ, സംസ്ഥാന നിർവാഹക സമിതി അംഗം രാജേഷ് കടമ്പേരി, ജില്ല പൊലീസ് സഹകരണ സംഘം പ്രസിഡന്റ് ടി. പ്രജീഷ് തുടങ്ങിയവരും സന്നിഹിതരായി. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ, അസി. കമീഷണർ സദാനന്ദൻ, റിട്ട. എസ്.ഐമാരായ രവി, ജയചന്ദ്രൻ, ജില്ല ഫോറൻസിക് സർജൻ ഡോ. അഗസ്റ്റിൻ എന്നിവർ ക്ലാസെടുത്തു. പഠനകേന്ദ്രം അക്കാദമി കോഓഡിനേറ്റർ ഷൈജു മച്ചാത്തി നേതൃത്വം നൽകി.


