കുത്തുപറമ്പ്: ഇന്നലെ ഉദ്ഘാടനം ചെയ്ത കടയും ഗോഡൗണും ഇന്ന് രാവിലെ കത്തിനശിച്ചു, നഷ്ടം ഒരു കോടിക്ക് മുകളില്‍. മാങ്ങാട്ടിടം പഞ്ചായത്ത് കുണ്ടെരി മൂന്നാംപീടിക കൊട്ടാരപൊയ്കയില്‍ ഗോമതിനിവാസില്‍ തമിഴ്‌നാട് സ്വദേശി വി.ബാലന്റെ ഉടമസ്ഥതയിലുള്ള കെ.വി.ട്രേഡ്‌ലിങ്ക്‌സ്, ജയലക്ഷ്മി സ്‌റ്റോര്‍സ് എന്നീ കടകള്‍ക്കും ഗോഡൗണിനുമാണ് ഇന്ന് പുലര്‍ച്ചെ 6.55 ഓടെ തീപിടിച്ചത്.
അമൂല്‍ പ്രൊഡക്റ്റുകളുടേത് ഉള്‍പ്പെടെ എലൈറ്റ് ആട്ട, ലിബര്‍ട്ടി പാമോയില്‍, പെപ്‌സി ഏഴോളം ഉല്‍പ്പന്നങ്ങളുടെ ഏജന്‍സിയാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.40 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇരുനിലകളിലായി പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണില്‍ ഉണ്ടായിരുന്നത്.
ഇതില്‍ 90 ശതമാനവും കത്തിനശിച്ചിട്ടുണ്ട്. ഇത് കൂടാതെ 4500 സ്‌ക്വയര്‍ വിസ്തീര്‍ണമുള്ള കെട്ടിടവും തീപിടുത്തത്തില്‍ പൂര്‍ണമായി നശിച്ച നിലയിലാണ്.നഷ്ടം ഒരുകോടിക്ക് മുകളില്‍ വരുമെന്നാണ് പ്രാഥമികനിഗമനം. ഇന്നലെ രാത്രിയില്‍ തന്നെ തീപിടിച്ചിരിക്കാമെന്നാണ് അഗ്നിശമനസേന നല്‍കുന്ന സൂചന.രാവിലെ മാത്രമായിരിക്കാം ഇത് ശ്രദ്ധയില്‍പെട്ടതെന്ന് കരുതുന്നു. ജില്ലാ ഫയര്‍ ഓഫീസര്‍ ബി.രാജുവിന്റെ നേതൃത്വത്തില്‍ കൂത്തുപറമ്പ്, മട്ടന്നൂര്‍ അഗ്നിശമന നിലയങ്ങളില്‍ നിന്നായി 4 യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്. രാവിലെ 6.55 ന് ആരംഭിച്ച തീയണക്കല്‍ 10.30നാണ് അവസാനിച്ചത്.
കൂത്തുപറമ്പ് യൂണിറ്റില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ യു.ജി.സജീവ്, ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍മാരായ ഒ.കെ.രതീഷ്,പി.സുകുമാരന്‍ എന്നിവരും മട്ടന്നൂര്‍ അന്ഗിരക്ഷാനിലയം സ്റ്റേഷന്‍ ഓഫീസര്‍ പി.വി.ഉണ്ണികൃഷ്ണനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന.


