മാതോടം: ഇ.കെ നായനാർ സ്മാരക വായനശാല& ഗ്രന്ഥാലയം, യുവപ്രതിഭ ആർട്‌സ്& സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഉന്നത വിജയികളെ ആദരിച്ചു. പരിപാടി വാർഡ് മെമ്പർ കെ.പി ഷീബയുടെ അധ്യക്ഷതയിൽ കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാതോടം ഒൻപതാം വാർഡിലെയും കാരയാപ്പ് പ്രദേശത്തെയും എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് അടക്കം നേടി വിജയിച്ച നാൽപതിൽപരം വിദ്യാർഥികളെയാണ് അനുമോദിച്ചത്.
തുടർന്ന് കാൽവിരലുകൾ കൊണ്ട് ചിത്രവിസ്മയം തീർക്കുന്ന വേൾഡ് ബുക്സ് ഓഫ് റെക്കോർഡ് ജേതാവ് അനജ് ഗ്രാമകേളി, ഹൈദരാബാദിലെ രാമോജി ഫിലിം ഇൻസ്റ്റ്യൂട്ട് നടത്തിയ ചിത്രകലാ മത്സരത്തിൽ ഇന്ത്യയിൽ നാലാം സ്ഥാനവും കേരളത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ ഹിഷാം ഹാരിസ് വാരം റോഡ്, വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ എം.എ ഇക്കണോമിക്സിൽ ഒന്നാം റാങ്ക് നേടിയ ഫർസീന സി, രാജസ്ഥാൻ യൂണിവേഴ്സിറ്റിയിൽ നിന്നും സ്പോർട്സ് സൈക്കോളജിയിൽ ഒന്നാം റാങ്ക് നേടിയ വൈശാഖ് കെ മാതോടാം, കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിഎ ഇക്കണോമിക്സ് വിഭാഗത്തിൽ രണ്ടാം റാങ്ക് നേടിയ ദേവിക സതീഷ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
നാടക പ്രവർത്തനത്തിന് കണ്ണാടിപ്പറമ്പിനും മയ്യിലിനും ഊർജ്ജം പകർന്ന പവിത്രൻ കണ്ണാടിപ്പറമ്പ, ഏകപാത്ര നാടകത്തിലൂടെ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ പ്രവർത്തനം നടത്തുന്ന മൊടപ്പത്തി നാരായണൻ, ഏറൻ ബാബു, വിനോദ് സി കണ്ണാടിപ്പറമ്പ എന്നിവരെയും എം.എൽ.എ മൊമെന്റോ നൽകി ആദരിച്ചു.
ശുചിത്വ കേരള മിഷന്റെയും ഹരിത കർമ്മ സേനയുടെയും പ്രവർത്തനങ്ങൾക്കും മദ്യം – മയക്കുമരുന്ന് തുടങ്ങിയ വിപത്തുകൾക്കെതിരെയും ബോധവൽക്കരണ പ്രവർത്തനം നടത്തുന്നതിന് വില്ലടിച്ചാൻ പാട്ടിലൂടെ ബോധവൽക്കരണ പ്രവർത്തനം നടത്തുന്ന വിനോദ് സി മാതോടം രചിച്ച രണ്ട് വില്ലടിച്ചാൻ പാട്ടുകളുടെ പുസ്തകമായ ‘കാപ്പാളത്തിയും സങ്കടപൂവും’ എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ലസിജ സുരേന്ദ്രൻ മുണ്ടേരി പുസ്തക ആസ്വാദനം നടത്തി. പ്രസ്തുത ചടങ്ങിൽ വായനശാലാ സെക്രട്ടറി കെ.പി രമേശൻ സ്വാഗതം പറഞ്ഞു. ആശംസ നേർന്നുകൊണ്ട് ലൈബ്രറി കൗൺസിൽ നേതൃസമിതി എ പുരുഷോത്തമൻ, പവിത്രൻ കണ്ണാടിപ്പറമ്പ, സനോജ് ടി, ബാബു ഏറൻ, മുടപ്പതി നാരായണൻ, വിനോദ് സി എന്നിവർ സംസാരിച്ചു. ചടങ്ങിന് വായനശാലാ പ്രസിഡന്റ് അഭിജിത്ത് നന്ദി പറഞ്ഞു.



