നിടുവാട്ട്: മൈദാനി ഹദ്ദാദ് മസ്ജിദ് റോഡിനു സമീപത്തെ അപകടത്താഴ്ചയ്ക്ക് പ്രദേശവാസികളുടെ നേതൃത്വത്തിൽ സുരക്ഷാ കോണുകൾ സ്ഥാപിച്ചു. ഏറെ അപകടം പതിയിരിക്കുന്ന റോഡിന് ഒരുവശത്തെ താഴ്ചയ്ക്ക് ഇതോടെ താത്കാലിക ശമനമായിരിക്കുകയാണ്.
ദിനേന കുറവല്ലാത്ത വാഹനയാത്രികർ ആശ്രയിക്കുന്ന റോഡ് ആണ് ഇത്. സ്കൂട്ടറുകൾ മുതൽ ലോറികൾ വരെ ദിനേന ഇതുവഴി സഞ്ചരിക്കുന്നുണ്ട്. മുമ്പ് ഒരേസമയം രണ്ടു വാഹനങ്ങൾക്ക് ഇരുവശങ്ങളിലേക്കും കഷ്ടിയെങ്കിലും പോകാമായിരുന്നു. എന്നാൽ, പ്രദേശത്തെ ഓവുചാൽ നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഒരു ഭാഗം കുഴിയെടുത്തതിനാൽ ഇതു പൂർണ്ണമായും ഇപ്പോൾ അസാധ്യമായ നിലയിലാണ്. രാത്രികാലങ്ങളിലാണ് കൂടുതൽ അപകടസാധ്യത നിലനിൽക്കുന്നത്.
പ്രസ്തുത പ്രദേശത്തെ അപകടസാധ്യത ചൂണ്ടിക്കാട്ടി നിരവധി തവണ പഞ്ചായത്ത് അധികൃതരെ പ്രദേശവാസികൾ ബന്ധപ്പെട്ടിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. ശേഷം പരിസരവാസികൾ ചേർന്ന് ആവശ്യമായ സുരക്ഷാ കോണുകൾ സ്വന്തം നിലയിൽ സ്ഥാപിക്കുകയായിരുന്നു. പ്രസ്തുത പ്രവർത്തിക്ക് നവാബ്, സമീർ, അബ്ദുൽ ഖാദർ, സജീർ എന്നിവർ നേതൃത്വം നൽകി.


