വളപട്ടണം പാലത്തിന് സമീപം മരം വീണു: ഗതാഗതം മുടങ്ങി
പാപ്പിനിശ്ശേരി: ദേശീയ പാതയിൽ പാപ്പിനിശ്ശേരി പഴയങ്ങാടി റോഡ് കവലക്കും വളപട്ടണം പാലത്തിനും ഇടയിൽ മരം കടപുഴകി വീണു. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വളപട്ടണം പാലത്തിന്റെ ഇരുഭാഗത്തും കിലോ മീറ്ററുകളോളം വാഹന കുരുക്കുണ്ടായി.
ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഏഴോടെയാണ് സംഭവം. വാഹനങ്ങൾ കടന്നു പോകുന്നതിനിടയിലാണ് കനത്ത മഴക്ക് പിന്നാലെ മരം വീണത്. ഇരുചക്രവാഹനങ്ങളിൽ മരക്കൊമ്പ് തട്ടിയെങ്കിലും അപകടം സംഭവിച്ചില്ല. തലനാരിഴക്കാണ് പല വാഹനങ്ങളും മരത്തിനടിയിൽപ്പെടാതെ രക്ഷപ്പെട്ടത്.
മരം പാതയിൽ വീണതോടെ സ്ഥലത്തുണ്ടായിരുന്ന വളപട്ടണത്തെ ഖലാസികളും വളപട്ടണം പോലീസും നാട്ടുകാരും ചേർന്നാണ് മരം മുറിച്ച് മാറ്റിയത്. മരം നീക്കിയിട്ടും മണിക്കൂറുകൾക്ക് ശേഷമാണ് ദേശീയ പാതയിൽ ഗതാഗതം സാധാരണ നിലയിലായത്. ദേശീയ പാതക്ക് പുറമേ പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിലും വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിച്ചത്.


