കണ്ണാടിപ്പറമ്പ: മഴ കനത്തതോടെ പുല്ലൂപ്പിക്കടവ് റോഡ് തകർന്ന് യാത്രാ ദുരിതം പേറി ജനം. കണ്ണാടിപ്പറമ്പിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന പ്രധാന റോഡ് ആയ പുല്ലൂപ്പിക്കടവിൽ പാലത്തിനു മുന്നോടിയായി വലിയ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ ഇതുവഴി പോകുന്ന യാത്രികർക്ക് അൽപം സാഹസപ്പെടേണ്ട അവസ്ഥയാണ്.
പാലത്തിന്റെ ഒരു ഭാഗം കണ്ണൂർ കോർപ്പറേഷനിലും മറുഭാഗം നാറാത്ത് പഞ്ചായത്തിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്. എട്ടു വർഷം മുമ്പ് പുല്ലൂപ്പിക്കടവ് പാലത്തിന്റെ നിർമ്മാണ സമയത്ത് പുഴയിൽ മണ്ണിട്ട് ഉയർത്തിയാണ് റോഡ് നിർമ്മിച്ചത്. പിന്നീടാകട്ടെ, യാതൊരു അറ്റകുറ്റപ്പണിയും നടന്നതുമില്ല. റോഡ് പുഴയിലേക്ക് താഴുന്നതാണ് തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.
പ്രസ്തുത റോഡിലെ അങ്ങിങ്ങായുള്ള ചെറുതും വലുതുമായ ഗർത്തങ്ങളിൽ ചെറു വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവു കാഴ്ചയാണ്. റോഡിൽ ഇതുവരെ ഒരു തെരുവ് വിളക്കുകൾ പോലുമില്ലെന്നതും അപകടത്തിന് ആക്കം കൂട്ടുന്നു. മഴക്കാലം വന്നതോടെ ദുരിതം ‘പൂർണ്ണമായി’. റോഡിന്റെ ദയനീയാവസ്ഥ പല ഘട്ടങ്ങളിലായി നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും കൈക്കൊണ്ടില്ല. ഈ ദയനീയാവസ്ഥ ഇനിയും തുടരുകയാണെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നാണ് നാട്ടുകാരുടെ പക്ഷം.


