കാട്ടാമ്പള്ളി: പട്ടികജാതി കോളനി നിവാസികളോടുള്ള ചിറക്കല്‍ ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഭരണ സമിതി യോഗം മുസ്‌ലിം ലീഗ് അംഗം ബഹിഷ്‌കരിച്ചു. ചിറക്കല്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 7 ല്‍ ഉള്‍പ്പെടുന്ന പഴയറോഡ് പ്രദേശം 25 ഓളം വരുന്ന പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്ന പ്രധാന പ്രദേശമാണ്. കൂടാതെ ഈ വിഭാഗക്കാരുടെ പ്രധാന ആരാധന ക്ഷേത്രമായ പരപ്പില്‍ ശ്രീ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നതും പ്രദേശത്താണ്. ഈ പ്രദേശത്തെ താമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ ക്ഷേത്ര ആരാധനയ്ക്കും കാട്ടാമ്പള്ളി, പുതിയതെരു, കുന്നുംകൈ തുടങ്ങിയ പ്രദേശങ്ങളിലേക്കും മറ്റും ഉപയോഗിക്കുന്ന പ്രധാന റോഡാണ് ബാലന്‍കിണറില്‍ നിന്നാരംഭിച്ച് കാട്ടാമ്പള്ളി അക്ബര്‍ റോഡില്‍ അവസാനിക്കുന്ന പഴയറോഡ്. ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ് ചെറുവാഹനങ്ങള്‍ കടന്ന് പോകുന്നതിന് പോലും ഗതാഗതയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി. ഗ്രാമപഞ്ചായത്തിന് ലഭിക്കുന്ന ആസൂത്രണ ഫണ്ടില്‍ നിന്നും പട്ടികജാതി പശ്ചാത്തല മേഖലയിലെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് പുനരുദ്ധാരണം ചെയ്യണമെന്നും, ഈ പ്രദേശത്തെ മുതിര്‍ന്നവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും മറ്റുമായി സുഖമമായി നടന്നുപോകുന്നതിനും യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി പ്രസ്തുത പഴയ റോഡ് പുനരുദ്ധാരണം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.
ചിറക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 ല്‍ ഉള്‍പ്പെടുന്നതും പ്രധാനമായും 400 ല്‍ അധികം പട്ടികജാതി കുടുംബാംഗങ്ങള്‍ താമസിച്ച് വരുന്ന പട്ടികജാതി കോളനിയാണ് കാട്ടാമ്പള്ളി രാഘവ നഗര്‍. ഈ പ്രദേശത്തെ കുടിവെള്ള ലഭ്യതക്ക് ശാശ്വത പരിഹാരം എന്നത് ദിവാസ്വപ്നമാണ്. നിലവില്‍ കാട്ടാമ്പള്ളി രാഘവനഗര്‍ കോളനിയിലേക്ക് കുടിവെള്ളം ഒരുപരിധിവരെ ലഭ്യമാക്കുന്നത് പഴയറോഡ് വര്‍ഷങ്ങള്‍ മുന്‍പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ള കിണറില്‍ നിന്നും മോട്ടോര്‍ പമ്പ് സെറ്റ് ഉപയോഗിച്ച് രാഘവ നഗര്‍ കോളനിയില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്കില്‍ വെള്ളം പമ്പ് ചെയ്താണ്. എന്നാല്‍ കുറച്ച് കാലങ്ങളായി മെയിന്‍ റോഡില്‍ നിന്നും മറ്റുമായി അയ്യങ്കാളി റോഡിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ഓവുചാലിലൂടെ മലിനജലം (മഴക്കാലത്ത് ഉള്‍പ്പെടെ) ഒഴുകിവന്ന് കിണറിനോട് ചേര്‍ന്നുള്ള പ്രദേശത്ത് കെട്ടിക്കിടന്ന് ഈ കുടിവെള്ള കിണറിലേക്ക് ഊര്‍ന്നിറങ്ങുകയാണ്. ഇത് കോളനിയിലേക്കുള്ള കുടിവെള്ള വിതരണത്തിന് ഭീഷണിയായിരിക്കുകയാണ്. ആയതിനാല്‍ അയ്യന്‍കാളി റോഡിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ഓവുചാലിന്റെ നീളം കൂട്ടി പരപ്പില്‍ വയല്‍ വഴി കാട്ടാമ്പള്ളി പുഴയിലേക്ക് മലിനജലം ഉള്‍പ്പെടെ ഒഴുക്കി വിടാനുള്ള പദ്ധതി ആസൂത്രണം ചെയ്യണമെന്നും. ആയത് ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പട്ടികജാതി വിഭാഗ വികസന ഫണ്ടിലെ സേവന മേഖലയില്‍ ഉള്‍പ്പെടുത്തി പദ്ധതി പ്രവര്‍ത്തനം നടത്തണമെന്നും 7 വാര്‍ഡ് മെമ്പര്‍ ആവശ്യപ്പെട്ടിട്ടും പൂര്‍ണ്ണമായി അവഗണിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച്‌കൊണ്ടാണ് ഭരണസമിതി യോഗം ബഹിഷ്‌കരിച്ചതെന്നും തെറ്റായ നടപടി തിരുത്തുന്നതുവരെ ഇടപെടലുകള്‍ നടത്തുമെന്ന്
വാര്‍ഡ് മെമ്പര്‍ ഹസ്‌നാഫ് കാട്ടാമ്പള്ളി പറഞ്ഞു.


