നാറാത്ത് പഞ്ചായത്ത് വാർഷിക ബജറ്റ് അവതരിപ്പിച്ചു; കൃഷി, മാലിന്യ നിർമ്മാർജനം എന്നിവയ്ക്ക് ഊന്നൽ
നാറാത്ത്: നാറാത്ത് ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് കെ ശ്യാമള അവതരിപ്പിച്ചു. 24,39,28,971 രൂപ വരവും 24,06,87,000 രൂപ ചെലവും 32,41,971 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണു അവതരിപ്പിച്ചത്. കൃഷിക്കും മാലിന്യ നിർമ്മാർജനത്തിനും പ്രാമുഖ്യം നൽകിയ ബജറ്റിൽ 45 ലക്ഷം രൂപ കൃഷിക്കും 25 ലക്ഷം രൂപ മാലിന്യ നിർമ്മാർജനത്തിനും നീക്കിവെച്ചിട്ടുണ്ട്.
പശ്ചാത്തല മേഖലയ്ക്കും സേവന മേഖലയ്ക്കും മുന്തിയ പരിഗണന നൽകിയ ബജറ്റ്, ജണ്ടർ ബജറ്റ്, പെർഫോമൻസ് ബജറ്റ് എന്നീ ആശയങ്ങളിൽ ഊന്നിയാണ് തയ്യാറാക്കിയത്. ജണ്ടർ ബജറ്റ് തയ്യാറാക്കാൻ ആവശ്യമായ പരിശീലനം ‘കില’യുടെ ആഭിമുഖ്യത്തിൽ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിക്ക് ലഭിച്ചിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കൂടാതെ മെമ്പർ സൽമത്ത് കെ.വിയും പ്രസ്തുത പരിശീലന പരിപാടിയിൽ പങ്കെടുത്തിരുന്നു. നിഷ, മിഹ്റാബി ടീച്ചർ എന്നിവരാണ് ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ.


